Wednesday, May 16, 2012

അരങ്ങുവാഴുന്ന അരുതായ്മകളും പടിയിറങ്ങുന്ന പതിവുശീലങ്ങളും


"ആ മല്ലികയുടെ ജീവനൊന്നു ബാക്കിയായാല്‍ മതിയായിരുന്നു. ഇല്ലുമ്മാ.. ഓള്‍ രക്ഷപ്പെടാണ്ടിരിക്കില്ല പ്രതീക്ഷയുണ്ടെന്നല്ലേ ഡോക്ടര്‍ പറഞ്ഞത്‌! എങ്ങനെയെങ്കിലും എട്ട് മണിയായി കിട്ടിയാ മതിയായിരുന്നു."

പരിശുദ്ധ ഖുര്‍ആന്റെ വിശുദ്ധ വാക്യങ്ങളും ദിക്റുകളും സ്വലാത്തുകളും ഉരുവിട്ടിരുന്ന പൂര്‍വകാല സോദരിമാര്‍ക്ക് പകരം സീരിയല്‍ ലോകത്തെ സാങ്കല്‍പിക കഥാപാത്രത്തിന്റെ ഗതിവിഗതികളില്‍ ആശങ്കപ്പെടുന്ന മുസ്‌ലിം ഉമ്മത്തിന്റെ അകത്തളങ്ങളിലെ പതിവ് സംഭാഷണത്തിന്റെ വാചകങ്ങളാണ് മേല്‍ സൂചിപ്പിക്കുന്നത്. എന്ത് സംഭവിച്ചു പോയി നമ്മുടെ സോദരിമാര്‍ക്ക്‌...

ഖുര്‍ആന്‍ ഓതാനും ദിക്റുകള്‍ ചൊല്ലാനും മദ്രസകളിലെ ഓത്തും എഴുത്തും നല്ല നടപ്പും പഠിപ്പിക്കാനും അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി പരിഹരിക്കാനും കുടുംബബന്ധം ചേര്‍ക്കാനും സുകൃതങ്ങള്‍ ചെയ്യാനുമുള്ള എന്തു മാത്രം സമയത്തെയാണ് അഞ്ഞൂറും ആയിരവും എപ്പിസോഡുകള്‍ കഴിഞ്ഞാലും തീരാത്ത ഈ സീരിയലുകള്‍ക്ക് മുമ്പില്‍ തളച്ചിടുന്നത്. കരളലിയിപ്പിക്കേണ്ട ദുരന്തകഥകള്‍ നമുക്ക്‌ ചുറ്റിലുമുണ്ടാകുമ്പോള്‍ അതില്‍ വിഷമിക്കാനോ പാവങ്ങളെ സാന്ത്വനിപ്പിക്കാനോ മേനക്കെടാത്ത സഹോദരിമാരാണ് അഭിനയിച്ചുണ്ടാക്കുന്ന ഇല്ലാകഥകളുടെ ഇതിവൃത്തമോര്‍ത്ത് മണിക്കൂറുകളോളം വ്യാകുലപ്പെടുന്നത്. ഐ.സി.യു.വില്‍ കിടക്കുന്ന കഥാപാത്രത്തിന്റെ പ്രാണനുവേണ്ടി പടച്ചതമ്പുരാനോട്  പ്രാര്‍ഥിക്കാന്‍ മടിക്കാത്ത സഹോദരി, ഇന്നേവരെ തന്റെ നാട്ടിലുള്ള രോഗികള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടോ? സീരിയല്‍ കഥയിലെ നായകന് മക്കളില്ലാത്തതിന്റെ പേരില്‍ മനോവേദന സഹിക്കുമ്പോള്‍ ചുറ്റുപാടുമുള്ള അത്തരക്കാരെ ഓര്‍ത്തിട്ടുണ്ടോ? ഭര്‍തൃമാതാവിന്റെ പീഡനങ്ങളെ പ്രാകിപ്പറയുമ്പോള്‍ മരുമകളോടുള്ള തന്റെ സമീപനം എങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? താമസിക്കാന്‍ വീടില്ലാത്ത കഥാപാത്രത്തിന്റെ അവസ്ഥയോര്‍ത്ത് കണ്ണീര്‍ പോഴിക്കുകയല്ലാതെ സ്വന്തം അയല്‍ക്കാരന്റെ ചോര്‍ന്നൊലിക്കുന്ന വീടിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുണ്ടോ?

മുസ്‌ലിം ഉമ്മത്ത്‌ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുകയും സാങ്കല്പിക കഥാപാത്രങ്ങളുടെ പിന്നാലെ ചിന്തിക്കുകയും ചെയ്തു മുന്നോട്ട് പോയാല്‍ എവിടെയെത്തും നമ്മുടെ സമൂഹം! ഉപ്പാക്കും ഉമ്മാക്കുമോപ്പമിരുന്ന് പ്രേമവും ഒളിച്ചോട്ടവും സ്ക്രീനില്‍ കാണുന്ന പെണ്‍മക്കളോട് സാരോപദേശം നടത്താന്‍ എന്ത് അവകാശമാണ് ഇന്നിന്റെ മാതാപിതാക്കള്‍ക്കുള്ളത്. സീരിയലുകളും റിയാലിറ്റി ഷോകളും എന്ത് തോന്നിവാസത്തിനുമുള്ള ലൈസന്‍സായി മാരുകയല്ലേ ചെയ്യുന്നത്.

അതിനാല്‍ മാറണം. മാറിയേ തീരൂ. ഇല്ലെങ്കില്‍ സ്വസ്ഥമായ കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും തകര്‍ന്ന് കൂട്ടക്കരച്ചിലിലേക്ക് സമുദായത്തിന്റെ ഉമ്മമാര്‍ ചെന്ന് പതിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഒരുകണക്കിന്  കഴിഞ്ഞുപോയ തലമുറയിലെ ഉമ്മമാര്‍ എത്രയോ ഭാഗ്യവതികള്‍. മൗസ് ചലിപ്പിക്കാനറിയില്ലെങ്കിലും ബ്ലൂടൂത്തും ഫാസ്റ്റ്ഫുഡും കൂളറും ഹീറ്ററും കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഒന്നും അറിയില്ലെങ്കിലും ഈ ലോകം മലീമസമാകുന്നതിന് മുമ്പ്‌ ജീവിച്ചു പോകാന്‍ അവര്‍ക്ക് കഴിഞ്ഞല്ലോ. കണ്ണിനെ നാശത്തിലേക്ക് വലിച്ചിഴക്കുന്ന ലജ്ജാവഹമായ കാഴ്ചകള്‍ കാണാനും മദിപ്പിക്കുന്ന സംഗീതങ്ങള്‍ക്ക് ചെവി കൂര്‍പ്പിക്കാനും അവര്‍ക്ക് അവസരം ഉണ്ടായിട്ടില്ലല്ലോ. അതെ, അവര്‍ തന്നെ ഭാഗ്യവതികള്‍. ഇബാദത്തില്‍ മുഴുകി ലളിതജീവിതം നയിച്ച്‌ നമുക്ക് മുമ്പേ നടന്നുപോയവര്‍ ചരിത്രത്തിലെ മഹതീരത്നങ്ങളുടെ ജീവിതകഥകള്‍ കേട്ടും പറഞ്ഞും സ്വന്തം അരവയര്‍ കാലിയാക്കിയെന്കിലും പാവപ്പെട്ട മുതഅല്ലിമിന് ഭക്ഷണം നല്‍കിയും ദീനി ശിആറുകളെയും ചൈതന്യങ്ങളെയും ഉള്‍പുളകത്തോടെ ആദരിച്ചും ജീവിതം നയിച്ചവര്‍. കാലം മാറിവന്നപ്പോള്‍ അനുദിനം വര്‍ദ്ധിക്കുന്ന പേക്കൂത്തുകളില്‍ വശംവദരാകാതെ ദീനിചൈതന്യം നിലനില്‍ക്കുന്ന കുടുംബങ്ങളാവാന്‍ നാം ശ്രമിക്കുക. റബ്ബ് തുണക്കട്ടെ.


കെ.കെ.റിയാസ്‌ അരൂര്‍.

Saturday, April 7, 2012

വേലി ചാടുന്ന ഇ-മനസ്സുകള്‍


ആധുനിക യാന്ത്രികമനുഷ്യന്‍. വിവരസാങ്കേതിക വിദ്യയുടെ നുഴഞ്ഞുകയറ്റം കുടുംബനെഞ്ചകങ്ങളെ പോലും കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. റേഡിയോ,ടെലിവിഷന്‍ എന്നിവക്ക് പുറമേ ഇന്റര്‍നെറ്റ്‌ എന്ന കാണാവലയുടെ ആവിര്‍ഭാവത്തോടു കൂടി മാനുഷിക വ്യവസ്ഥ പോലും ആഭാസകലുഷിതമായി. സ്വപ്നേപി നിനയ്ക്കാത്ത കാര്യങ്ങള്‍ യാഥാര്‍ത്ഥ്യവത്കരിക്കുന്ന ടെക്നോളജികളുടെ പുറംപൂച്ചില്‍ കണ്ണ് മഞ്ഞളിച്ച് നമ്മുടെ ചിലര്‍ സാമൂഹിക അടിക്കല്ല് മാന്തുകയാണ്.

വാസ്തവത്തില്‍ ഇന്റര്‍നെറ്റിന്റെ സൈഡ് ലൈനുകളില്‍ ലൈംഗികവൃത്തിയുടെ വിഷലിപ്ത സുക്കെര്‍ബക്ക് മേയ്കുട്ടന്‍ സിദ്ധാന്തങ്ങളില്‍ ഉയിര്‍കൊണ്ട ഫെയ്സ്ബൂക്, ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നു. നമ്മുടെ സമൂഹത്തിലെ താരുണ്യദശയിലെത്തിയ ചെറുപ്പക്കാരും കൌമാരക്കാരും നെറ്റിന്റെ മായികവലയത്തിലകപ്പെട്ട് സെക്സ് ട്രെന്‍ഡുകളില്‍ അകപ്പെടുന്നത് ഏറെ ദുഖകരമാണ്.

ഇന്റര്‍നെറ്റ്‌ ഭീകരതകള്‍


അശ്ശീലതയുടെ സ്ഫുലിംഗങ്ങള്‍ വിടര്‍ന്ന, മീഡിയയുടെ പൊടിക്കൈകള്‍ക്ക് പോണോഗ്രഫി(pornography) എന്നാണു അറിയപ്പെടുന്നത്. സെക്സ് വ്യവസായ പ്രളയത്തില്‍ മുഖ്യമായും ഹീനപങ്കുവഹിക്കുന്നത് വെബ്‌സൈറ്റുകളാണ്. ഇത്തരം അശ്ശീല സൈറ്റുകളില്‍ ദിനംപ്രതി ഉപഭോക്താക്കളും ആസ്വാദകരും പെരുകുകയാണ്. ഇവ്വിധ അധമപ്രവര്‍ത്തനങ്ങള്‍ക്ക്‌ ബിംബവത്കരിക്കുന്നത് സ്ത്രീ സൗന്ദര്യമാണ്. അവളില്‍ നിന്നുള്ള അബലചാപല്യങ്ങള്‍ മുഴുവന്‍ വിലകൊടുത്തും മെരുക്കിയെടുക്കാന്‍ ചില അല്പജ്ഞര്‍ സന്നദ്ധരാണ്. (Women is beauty and beauty is to be exposed) 'സ്ത്രീ എന്നാല്‍ സൗന്ദര്യമാണ്. സൗന്ദര്യമാണെങ്കില്‍ പ്രദര്‍ശിപ്പിക്കാനുള്ളതാണ് എന്നാണ്  ഇക്കൂട്ടര്‍ മുറവിളി കൂട്ടുന്നത്‌.

ഇന്ന് പട്ടണങ്ങളിലും നഗരങ്ങളിലും ഗ്രാമവീഥികളിലും കൂണുപോലെ മുളച്ചുകൊണ്ടിരിക്കുന്ന നെറ്റ് കഫേകളും ചാറ്റിംഗ് സെന്ററുകളും പോണോഗ്രഫിയുടെ ലോക്കല്‍ പ്രതിനിധികളാണ്. ഇവകളില്‍ മിക്കപ്പോഴും സന്ദര്‍ശകരാവുന്നത് ഇരുപതു തികയാത്തവരാണ്. അവസാനമായി സെല്‍ഫോണിലും നെറ്റ് സൗകര്യം വന്നതോട് കൂടി സ്ഥിതി ഒന്നുകൂടി ദുസ്സഹമായി. സൈബര്‍ ജാലകത്തിലെ സ്ത്രീയുടെ സൗന്ദര്യം കണ്ട് അഭിരമിക്കാന്‍ 7 മുതല്‍ 80 കടന്ന ആബാലവൃദ്ധം വെമ്പല്‍കൊള്ളുന്നു എന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു.എങ്കിലും 'എ ടി എം'കളായി ഗണിക്കപ്പെടുന്ന മാതാപിതാക്കള്‍ക്ക് സ്വന്തം മക്കളോടുള്ള അവബോധമനസ്കതയും കാര്‍ക്കശരാഹിത്യവും വിപഥസഞ്ചാരത്തിലേക്ക്‌ വഴി നടത്തുന്നു. മക്കള്‍ക്ക്‌ രക്ഷിതാക്കള്‍ പിറന്നാള്‍ അഥവാ വിജയ സമ്മാനമായി നല്‍കുന്ന 'ഇ' പെട്ടികള്‍ റൂമിന്റെ കതകടച്ച് സെക്സ് വ്യവസായം നടത്താനുള്ള അവസരം നല്‍കുന്നു. ഗൂഗിള്‍ സെര്‍ച്ചുകളിലൂടെ ലൈംഗിക സൈറ്റുകളില്‍ വിഹരിച്ച് സമയം കൊല്ലികളാകുന്നു. സ്വന്തം മകന്‍ റൂമിനുള്ളില്‍ പഠിക്കുകയാണെന്ന ധാരണയുമായി മാതാപിതാക്കള്‍ ഖുര്‍ആന്‍ ഓതുന്നു. തുടര്‍ന്ന് ചാറ്റിങ്ങിലൂടെ കടന്നു കൂടിയ സര്‍വ്വപെണ്പിള്ളേരുമായി ശ്രിന്ഗരിച് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുന്നു. ഇവ്വിധ സല്ലാപങ്ങള്‍ ഒളിചോട്ടത്തിലേക്കും നയിക്കുന്നു.

പ്രവാസത്തിന്‍റെ അനിയന്ത്രിതമായ പണക്കൊഴുപ്പിലൂടെ കേരളം ഇന്ന് സദാചാര വിരുദ്ധതയിലേക്ക്‌ നീങ്ങികൊണ്ടിരിക്കുന്നു. മലയാളിയുടെ സര്‍വ്വവിധ തുറകളിലും നെറ്റ്‌ സുലഭമായി ഉപയോഗിക്കപ്പെടുന്നു. മക്കളുടെ ആഗ്രഹ സഫലീകരണത്തിന് എന്തും വില കൊടുത്ത് വാങ്ങിക്കുന്നവരാണ് ആധുനിക മലയാളികള്‍. സമീപകാലത്തെ ചില വാര്‍ത്തകള്‍ വളരെ വേദനാജനകവും ആശന്കാവഹവുമാണ്. ടെക്നോളജിയന്‍ ദുര്‍നടപ്പിന്റെ തിക്തഫലവുമായി അല്പകാലങ്ങള്‍ക്ക് മുമ്പ്‌ നടന്ന സംഭവങ്ങള്‍ ലജ്ജാവഹമാണ്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഈയിടെ ഒരു പിഞ്ചുബാലികയെ കൊന്ന ശേഷം തന്റെ ദാഹം മാറ്റിയ ബാലന്‍. അവന്‍ അത്തരം ക്രീടകള്‍ കണ്ടത് സ്വന്തം പിതാവിന്റെ സെല്‍ ഫോണില്‍ നിന്നാണത്രേ. പാശ്ചാത്യ ജീവിതചര്യകള്‍ ഏതറ്റം വരെയും പിന്തുടരാന്‍ മലയാളികള്‍ കാണിക്കുന്ന വ്യഗ്രത വളരെയേറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. അനിഷ്ട സംഭവങ്ങള്‍ മക്കളുടെ ദിനംപ്രതി പ്രവര്‍ത്തികളിലെ മാതാപിതാക്കളുടെ നിതാന്ത ശ്രദ്ധക്കുറവിനെയാണ് സൂചിപ്പിക്കുന്നത്.

ചില മുന്‍കരുതലുകള്‍


ഇന്റര്‍നെറ്റ്‌ സൗകര്യം ഇന്ന് ഏറെക്കുറെ പ്രയോജനപരമാണെങ്കിലും 'നന്മയെക്കാള്‍ തിന്മയാണ് വലുത്' എന്നാ ഖുര്‍ആനിക തത്വത്തെ ആധാരമാക്കി ഉപേക്ഷിക്കലാണ് അഭികാമ്യം. അല്ലെങ്കില്‍ അവയെ നിയന്ത്രണരേഖയിലൂടെ ഉപയോഗിക്കാന്‍ സാധിക്കണം.
1. കമ്പ്യൂട്ടര്‍ ബാഹ്യസ്ഥലങ്ങളില്‍ വെക്കുക.
2. ഉപയോഗത്തിന് സമയം നിര്‍ണ്ണയിക്കുക.
3. ചുരുങ്ങിയത്‌ ഒരു കണ്ണ് കൊണ്ടെങ്കിലും ശ്രദ്ധ വേണം.
4. മൊബൈലിലും നെറ്റ സൗകര്യം ഉള്ളത്കൊണ്ട് മൊബൈല്‍ ഉപയോഗിക്കുന്നത് കഴിവതും വിലക്കുക.
5. പഠനത്തില്‍ ഊന്നല്‍ നല്‍കുക.

ഇവ പ്രായോഗികമാണെങ്കില്‍ ഗാര്‍ഹിക ജീവിതം വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കും.

ഇസ്ലാമിക നിയമസംഹിതയിലൂന്നിയ ജീവിതത്തിന്റെ ഉടമകളായ നമ്മുടെ മുന്‍ഗാമികളുടെ തനിമയും മഹിമയും നമ്മുടെ ജീവിതത്തില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. അവരുടെ പാരമ്പര്യം അവകാശപ്പെടുന്ന നമുക്ക്‌ അവര്‍ പുലര്‍ത്തിയ മൂല്യങ്ങള്‍ അന്യംനിന്നു പോയിരിക്കുന്നു. ധാര്‍മികതയിലും ശക്തമായ വിശ്വാസത്തിലും ആത്മീയതയിലും നിങ്ങളുടെ സമ്പത്തും അര്‍ത്ഥവും ശരീരവും കണ്ടറിഞ്ഞു വിനിയോഗിക്കുക. ദൈവാനിഷ്ടങ്ങളില്‍ വീഴാതെ അവയെ സൂക്ഷിക്കുക തുടങ്ങിയ താക്കീതുകള്‍ ഖുറാനിലും ഹദീസിലും പ്രസ്താവ്യമാണ്. അശ്രദ്ധമായി ധനം ധൂര്‍ത്തടിക്കുന്നവനും തന്റെ ലൈംഗിക ഉത്തേജനം അസ്ഥാനത്ത് പ്രയോഗിക്കുന്നവനും അല്ലാഹുവിന്റെ അടുത്ത് വന്‍ ചോദ്യങ്ങളാണ് നേരിടേണ്ടി വരിക.

ആധുനിക നെറികേടുകള്‍ക്കെതിരെ നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. പത്രത്താളുകളിലെ നെല്ലും പതിരും വായിക്കാന്‍ നാം സദാ അകക്കണ്ണ് തുറന്നിരിക്കണം. നമ്മുടെ കുഞ്ഞുങ്ങളെ പൂര്‍വ്വസൂരികളായ സച്ചരിതരുടെ പാതയിലേക്ക്‌ നയിക്കുക. നാഥന്‍ തുണക്കട്ടെ - ആമീന്‍


മുഹമ്മദ്‌ സ്വാലിഹ് അമ്മിനിക്കാട് ( കുറച്ചു മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു.)

Saturday, March 17, 2012

പുകവലി ആളെക്കൊല്ലുന്നു


മാനവരാശി ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ ആരോഗ്യപ്രശ്നങ്ങളിലലൊന്നാണ് പുകവലി. പിഞ്ചു ബാല്യങ്ങള്‍ മുതല്‍ വയോവൃദ്ധര്‍ വരെ ഇതിന്റെ അടിമകളായിത്തീര്‍ന്നിരിക്കുന്നു. ആഗോളാടിസ്ഥാനത്തിലും ഇത് തന്നെയാണ് സ്ഥിതി. ആയുഷ്ക്കാലം മുഴുവനും പുകവലിച്ച് നടന്ന് ജീവിതത്തിന്റെ അന്ത്യയാമങ്ങളില്‍ അര്‍ബുദ മഹാമാരിക്കിരയായി ദയനീയമായി മരണത്തിന് കീഴടങ്ങുന്ന ജീവിതങ്ങള്‍ ഇന്ന് സ്ഥിരം കാഴ്ചയാണ്. പുകവലിക്കാരന്‍ ഒന്നാന്തരം മാന്യനായി കണക്കാക്കപ്പെടുന്ന ഇക്കാലത്ത് ഇതിന്റെ ദൂഷ്യങ്ങളെ കുറിച്ച് പലരും അജ്ഞരാണ്.

പുകയിലയില്‍ നിക്കോട്ടിന്‍ എന്നാ രാസവസ്തുവാണ് അടങ്ങിയിരിക്കുന്നത്. ബീഡിയോ സിഗരറ്റോ വലിക്കുമ്പോള്‍ ഉള്ളിലെത്തുന്ന ഈ രാസവസ്തു മൂക്കിലും തൊണ്ടയിലും ശ്വാസകോശത്തിലും ടാര്‍ അടിഞ്ഞു കൂടുന്നതിനു ഇടയാക്കുന്നു. പുകവലി കുറച്ചു സമയത്തേക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയത്തിന് ജോലിഭാരം നല്‍കുകയും ചെയ്യുന്നു. പുകയിലയില്‍ അടങ്ങിയിട്ടുള്ള കാര്‍സിനോളജുകള്‍ ശ്വാസകോശകലകളില്‍ അസ്വസ്ഥത ഉളവാക്കുകയും ശ്വാസകോശ അര്‍ബുദത്തിന് ഹേതുവാകുകയും ചെയ്യുന്നു. ഹൃദ്രോഗത്തിനും പ്രധാന കാരണമായി പുകയില വര്‍ത്തിക്കുന്നുണ്ട്.

പ്രായം കുറഞ്ഞവരുടെ പുകവലി, ശ്വാസകോശങ്ങളുടെ ആരോഗ്യപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും വൈറ്റല്‍ കപ്പാസിറ്റി കുറക്കുകയും ചെയ്യുന്നു. പുകവലിക്കുമ്പോള്‍ ചുറ്റുപാടുമുള്ള വായുവില്‍ നിറയുന്ന പുക ശ്വസനം വഴി മറ്റുള്ളവരുടെയും ഉള്ളിലെതുന്നു. നിഷ്ക്രിയ പുകവലി(passsive smoking) സക്രിയ പുകവലിയെപ്പോലെ (active smoking) തന്നെ ഹാനികരമാണ്. ഒരാള്‍ പുകവലിക്കുമ്പോള്‍ സ്വയം മാത്രമല്ല താന്‍ വലിച്ചു തള്ളുന്ന പുക ശ്വസിക്കുന്നവരെയും ദോഷമായി ഭവിക്കുന്നു.

പുകയിലയുടെ ധൂമത്തില്‍ കാര്‍ബണ്‍ മോണോക്സൈഡും ഹൈഡ്രജന്‍ സയനൈഡും ഒക്സീകരിക്കപ്പെടാത്ത നിക്കൊട്ടിനുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ ആഹ്വാനമനുസരിച് പുകവലിയുടെ ഭവിഷ്യത്തിനെക്കുറിച്ച് ബോധ്യപ്പെടുത്തേണ്ടത് സിഗരറ്റ് കമ്പനികളുടെ ചുമതലയാണ്‌. പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് മുഴുവന്‍ സിഗരറ്റ് പരസ്യങ്ങളിലും വെണ്ടക്കാ അക്ഷരത്തില്‍ എഴുതപ്പെടുന്ന കാര്യമാണ്.

പുകയില ഉപയോഗിക്കുന്ന രണ്ടിലൊരാള്‍ പുകയില ജന്യരോഗങ്ങളാല്‍ ആയുസ്സെത്താതെ മരിക്കുന്നു. ഇന്ത്യയില്‍ ഏകദേശം 80,000 ജനങ്ങള്‍ പുകയില ഉപയോഗം കാരണം ഒരു വര്‍ഷം മരിക്കുന്നുണ്ടത്രേ. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പെടാപ്പാട്‌ പെടുന്ന പച്ചപ്പാവങ്ങള്‍ പോലും ബീഡി വാങ്ങിക്കാന്‍ ഉപയോഗിക്കുന്ന പണത്തിന്റെ അളവ് ആരെയും ഞെട്ടിക്കുന്നതാണ്. 

സിഗരറ്റ്‌ വലിക്കുന്ന വ്യക്തി ഒരു ദിവസം ചുരുങ്ങിയത്‌ ഇതിനായി 30 രൂപ മുടക്കുമ്പോള്‍ ഒരു മാസം 1000 രൂപയുടെ ചെലവ് വരുന്നു. വര്‍ഷത്തില്‍ 12000 രൂപയും ഓരോ വര്‍ഷംതോറും സിഗരറ്റിന്റെയും മറ്റു ഉത്പന്നങ്ങളുടെയും വില കൂടി വരുന്നതിനാല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം രൂപ നഷ്ടപ്പെടുന്നു. ഈ അഞ്ചു വര്‍ഷത്തിനടയില്‍ രോഗചികിത്സക്കായി 50,000ത്തോളം രൂപയും വരും. ഇത് അഞ്ച് വര്‍ഷത്തെ കണക്ക് മാത്രമാണെങ്കില്‍ 25-ഉം 45ഉം വര്‍ഷം പൂര്‍ണമായും പുകവലിക്കുന്നവരുടെ കണക്ക് എത്രെയായിരിക്കും...?

പതിറ്റാണ്ടുകളായി തുടര്‍ന്നുപോന്ന ഈ ശീലം മാറ്റിയെടുക്കുക അസാധ്യമാണ് എന്നാ ധാരണയില്‍ ജീവിതം മുഴുവന്‍ വലിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങള്‍ എന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ആ ധാരണ തെറ്റാണ്. ആര്‍ക്കാനെന്കിലും ഈ ശീലം മാറ്റിയെടുക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങളുണ്ട്. പക്ഷെ, പ്രധാനമായും വേണ്ടത് ഇച്ഛാശക്തിയും പരിശ്രമവും അത്മവിശ്വാസവുമാണ്...

സി.പി. ബാസിത്വ്‌ ചെമ്പ്ര

Sunday, February 19, 2012

മരണത്തെ ഓര്‍ക്കുക ഒരു നിമിഷം



നാം എല്ലാവരും എത്ര ഖബറിടങ്ങള്‍ സന്ദര്‍ശിച്ചിരിക്കുന്നു. അത് പോലെ തന്നെ എത്രയെത്ര മയ്യത്തുകള്‍ കണ്ടിരിക്കുന്നു. അപ്പോഴെങ്കിലും ഓര്‍മിചിട്ടുണ്ടോ നാളെ ആ മയ്യത്തിന്റെ സ്ഥാനത്ത് അല്ലെങ്കില്‍ ഖബറില്‍ കിടക്കേണ്ടത് ഞാന്‍ ആണെന്ന്. വളരെ വിരളം പേര്‍ മാത്രേ അങ്ങനെ ചിന്തിച്ചു കാണൂ. ഇന്നല്ലെങ്കില്‍ നാളെ മരിക്കേണ്ട നാം എപ്പോഴും ഖബറിനെ പറ്റി ബോധവാന്‍മാരായിരിക്കണം.

ഒരാള്‍ മരിച്ചു കഴിഞ്ഞു അയാളെ ചുമന്നു കൊണ്ട് പോകുമ്പോള്‍ ഒരു നല്ല മനുഷ്യന്‍ ആണ്  ആ മരിച്ചതെങ്കില്‍ അയാള്‍ എന്നെ എത്രയും പെട്ടെന്ന് കൊണ്ട് പൊകൂ എന്ന് പറയും. നേരെ മറിച്ച് അയാള്‍ ഒരു ചീത്ത മനുഷ്യന്‍ ആണെങ്കില്‍ അയാള്‍ എന്നെ എങ്ങോട്ട് കൊണ്ട് പോകുന്നൂ...കൊണ്ട് പോകല്ലേ എന്ന്‍ പറഞ്ഞു കരയും. ഇത് മനുഷ്യര്‍ ഒഴികെയുള്ള എല്ലാ ജീവികളും ശ്രവിക്കുമെന്ന്‍ പണ്ഡിതന്മാര്‍ പറയുന്നു. മനുഷ്യര്‍ എങ്ങാന്‍ അത് കേട്ടിരുന്നെങ്കില്‍ അവര്‍ക്ക് ബോധക്ഷയം പോലും സംഭവിക്കാം.

ഒരു മയ്യത്ത് ഖബറില്‍ വെച്ച് കഴിഞ്ഞാല്‍ ആദ്യം സംഭവിക്കുക "ളര്തതുല്‍ ഖബര്‍" ആണ്. അതായത് ഖബറിന്റെ ഇറുകല്‍ ആകുന്നു. ഇത് ഖബറിലെ ശിക്ഷ അല്ല. ഏതൊരു മയ്യത്തും അനുഭവിക്കുന്ന ഒരു പ്രക്രിയ മാത്രമാണ്. മയ്യത്ത് മറമാടിയാല്‍ ഖബര്‍ മയ്യത്തിനോട് സംസാരിക്കും എന്നും നബി(സ) നമ്മെ പഠിപ്പിച്ചിരിക്കുന്നു. ഖബറിന്റെ ഇറുകല്‍ അയാളുടെ ഇഹത്തെ ആശ്രയിച്ചിരിക്കും. നല്ലവര്‍ക്ക് അത് ലോലവും ചീത്ത ആളുകള്‍ക്ക് അത് വളരെ പെട്ടെന്നും വാരിയെല്ലുകള്‍ തമ്മില്‍  കോര്‍ക്കുമാര്‍ അസ്സഹനീയവും ആയിരിക്കും. ഇതു അനുഭവിക്കാത്ത ഒരേ ഒരാള്‍ നബി(സ)യുടെ പോറ്റുമ്മ ഫാത്തിമ ബിന്‍ത് അസ്സദ്‌(റ) മാത്രമാണ്. കാരണം അവരുടെ മയ്യത്ത് മറമാടുമ്പോള്‍ നബി(സ) അങ്ങേയറ്റം ദുഖിതന്‍ ആയിരുന്നു. മാത്രമല്ല നബി(സ) അവരുടെ മയ്യത്ത് ഖബറില്‍ വെക്കുന്നതിനു മുന്പ് ഖബറില്‍ ഇറങ്ങുകയും അല്ലാഹുവിനോട് കരഞ്ഞു ദുആ ചെയ്യുകയും ചെയ്തിരുന്നു. 

ളര്‍ത്തതുല്‍ ഖബറില്‍ നിന്ന് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കില്‍ അത്  സഅദ് ഇബ്നു മുആദ് (റ) മാത്രം ആയിരിക്കുമെന്ന് നബി(സ) പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത‍ അറിഞ്ഞു അറ്ശു വരെ കുലുങ്ങിപ്പോയിട്ടുണ്ട്. അന്‍സ്വാറുകളുടെ നേതാവായ സഅദ്(റ)  അത്രയ്ക്ക് ധീരനായ പോരാളി ആയിരുന്നു. സഅദ്(റ) പോലും ഖബറിന്റെ ഇറുകല്‍ അനുഭവിച്ച വ്യക്തിയാണ്.
ഖബറിനെ പറ്റി ഓര്‍ക്കുമ്പോള്‍ പല സ്വഹാബുകളും ഭയക്കുകയും കരയുകയും ചെയ്തതായി നമുക്ക് കാണാം. ഉമര്‍(റ) എന്തിനെ പറ്റി പറഞ്ഞാലും പേടിക്കാത്ത ഒരു വ്യക്തി ആയിരുന്നു. എന്നാല്‍ ഖബറിനെ പറ്റി പറയുമ്പോള്‍ അദ്ദേഹം ഒരുപാട് കരയുമായിരുന്നു, ഖബറിലെ ശിക്ഷയെ കുറിച്ച് ഓര്‍ത്ത്. നരകം എന്നോ മയ്യത്ത് എന്നോ കേട്ടാല്‍ ഒരു കുലുക്കവും ഇല്ലാത്ത അദ്ദേഹം ഖബറിനെ വല്ലാതെ ഭയന്നിരുന്നു. കരച്ചില്‍ എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ താടി രോമങ്ങള്‍ മുഴുവന്‍ നനയുമാര്‍ കരഞ്ഞിരുന്നു എന്ന്‍ ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാം. അത് പോലെ തന്നെ അബൂബക്കര്‍ സിദ്ദീക്ക്(റ) ഒരിക്കല്‍ ഒരു മരം നോക്കി പറയുകയുണ്ടായി, "ഈ മരം ആയെങ്ങാന്‍ ജനിച്ചാ മതിയായിരുന്നു!" എന്ത് കൊണ്ടെന്നു ചോദിക്കപ്പെട്ടപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു."ഈ മരത്തിനൊന്നും നാളെ പരലോകത്ത് വെച്ച് വിചാരണ ഇല്ലല്ലോ" എന്ന്. ആരാണ് ആ പറഞ്ഞതെന്ന് നാം ഓര്‍ക്കണം. ലോകത്തുള്ള എല്ലാ മുസ്ലിംകളുടെ ഈമാനും അബൂബക്കര്‍(റ)ന്റെ ഈമാനും തുലാസില്‍ തൂക്കി നോക്കിയാല്‍ അദ്ദേഹത്തിന്റെ ഈമാനാണ് ഖനം തൂങ്ങുക എന്ന് നബി(സ) പറഞ്ഞതാണ്. അവരുടെയൊക്കെ ഈമാനിന്റെ അചഞ്ചലതയും ശക്തിയുമാണ് ഇവിടെ വ്യക്തമാകുന്നത്. അതൊക്കെ വെച്ച് നോക്കുമ്പോള്‍ നമ്മുടെ സ്ഥിതി എന്താണ്?

പിന്നെ ഖബറില്‍ സംഭവിക്കുന്നതാണ് മുന്കര്‍ നകീര്‍(അ) എന്നീ മലക്കുകളുടെ ചോദ്യം ചെയ്യല്‍. മുന്കര്‍ നകീര്‍ എന്നിവരുടെ രൂപം വളരെ ഭയാനകവും ഭീതി ഉളവാക്കുന്നതുമാണെന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. കാലു വരെ മുടിയും പൂച്ചക്കണ്ണുകളും  അവരുടെ ഏകദേശം രൂപം മാത്രമാകുന്നു. നല്ല ഈമാനുള്ള ആളുകള്‍ക്ക് മാത്രമേ അവരുടെ ചോദ്യത്തിന് ശരിയായ രീതിയില്‍ ഉത്തരം നല്‍കാന്‍ കഴിയൂ. അല്ലാത്തവര്‍ക്ക് കഠിനകടോരമായ ശിക്ഷ ഖബറില്‍ തന്നെ ഉണ്ട്. ചോദ്യം ചെയ്യല്‍ ഏഴു മുതല്‍ നാല്‍പതു ദിവസം വരെ നീളാമെന്നു ഭിന്നാഭിപ്രായം ഉണ്ട്. ഖബറിലെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടുകയാണെങ്കില്‍ നാളെ മഹ്ഷറയില്‍ അവന്‍ രക്ഷപ്പെട്ടവന്‍ ആണ്. ഖബറിലെ ചോദ്യത്തിന് ശരിയായി ഉത്തരം നല്‍കുകയാണെങ്കില്‍ അവന്‍ വിചാരണയുടെ നാള് വരെ ഒരു പുതുമണവാളനെ പോലെ ഉറങ്ങാന്‍ മലക്കുകള്‍ അനുവദിക്കും. അല്ലാത്ത പക്ഷം അവരെ ശിക്ഷിച്ചു കൊണ്ടേയിരിക്കും. നിസ്കാരം ഖളാ ആക്കുന്നവനെ ഒരു ഭീകരമായ സര്‍പ്പം കൊത്തിക്കൊണ്ടേ ഇരിക്കും. 

നാം വളരെ നിസ്സരമാക്കുകയും എന്നാല്‍ ഖബറില്‍ വളരെ ഏറെ ഗൌരവം ഉള്ളതുമായ ഒരു കാര്യമാണ് നാം മൂത്രം ഒഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം. അവസാന തുള്ളി മൂത്രവും ഇറ്റു വീഴാതെ നാം തിരക്കിട്ട് എഴുന്നേല്‍ക്കരുത്. അതിനു ആണുങ്ങള്‍ വൃഷണങ്ങള്‍ക്ക് പിന്നില്‍ നിന്ന് മുമ്പിലേക്ക് മാര്‍ദവം ആയി മൂന്നു തവണ തടവുക, സ്ത്രീകള്‍ അവരുടെ ഗുഹ്യഭാഗത്തിന് അല്പം മുകളിലായും. അതിനു ശേഷം വേണം മനോഹരിക്കാന്‍. ഒരിക്കല്‍ നബി(സ) ഒരു ഖബറിന് അരികിലൂടെ നടന്നു പോകുമ്പോള്‍ ആ ഖബറില്‍ നിന്ന് ഭയങ്കരമായ നിലവിളികള്‍ ഉയരുന്നത് കേട്ടു. എന്നിട്ട് അവിടെ ഒരു ചെടി നട്ടിട്ടു പറഞ്ഞു "ഇതിന്റെ ഇലകള്‍ പൊഴിഞ്ഞു പോകുന്നത് വരെ ഈ ചെടി നിനക്ക് വേണ്ടി ഇസ്തിഗ്ഫാര്‍ ചൊല്ലട്ടെ." എന്ന്. ആ ഖബറിലെ വ്യക്തി മേല്‍ പറഞ്ഞ പ്രകാരം നിസ്സാരവല്ക്കരിച്ചത്  കൊണ്ടാണ് ശിക്ഷിക്കപ്പെട്ടത്.

നാം എല്ലാവരും മനസ്സിലാക്കണം. എന്താണ് നമ്മുടെ ഈമാനിന്റെ അവസ്ഥ? നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഒക്കെ നേര്‍ വഴിയിലാണോ? നിസ്കാരം ഖളാ ആക്കുന്നവന് ഇസ്‌ലാമില്‍ പട്ടിയുടെ സ്ഥാനം മാത്രമാണ്. നിസ്കാരം ഉപേക്ഷിച്ചവന് ആ സ്ഥാനം പോലും ഇസ്‌ലാം നല്‍കുന്നില്ല. തിരക്ക് പിടിച്ച ജീവിതത്തിനു ഇടയിലും നാം ഇപ്പോഴും ഖബരിനെ പറ്റി ഓര്‍ക്കണം. ഇന്നല്ലെങ്കില്‍ നാളെ നമ്മള്‍ എല്ലാവരും മരിച്ചു പോകാനുള്ളതാണ്. എന്ത് പ്രവര്‍ത്തി ചെയ്യുമ്പോളും നാം അല്ലാഹുവിനെ ഓര്‍ക്കുക. നല്ലത് മാത്രം പ്രവര്‍ത്തിക്കുക. ഖബര്‍ എന്നാ വീടാണ് ഏതൊരു മനുഷ്യന്റെയും അന്തിമ ഭവനം. അല്ലാഹു കാക്കട്ടെ.

ഖബറിലെ ശിക്ഷയില്‍ നിന്നും രക്ഷ നേടുവാന്‍ പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്ന സൂറത്തുകള്‍ ആണ് സൂറത്തുല്‍ മുല്‍ക്ക് (തബാറക്ക സൂറത്ത്) പിന്നെ സൂറത്തുല്‍ സജദയും. ഈ സൂറത്തുകള്‍ എന്നും രാത്രി പതിവാക്കിയാല്‍ അവര്‍ക്ക് ഖബര്‍  ശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാന്‍ സാധിക്കുമെന്നു പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

Friday, January 13, 2012

നല്ലതു പറയുക. അല്ലെങ്കില്‍ മിണ്ടാതിരിക്കുക


നാവ് ഇരുതല മൂര്‍ച്ചയുള്ള ആയുധത്തെ പോലെയാണ്, അല്ല അതിലും കടുപ്പമുള്ളതാണ്. നന്മയില്‍ ഉപയോഗിച്ച് വിജയം നേടാനും തിന്മയില്‍ വിനിയോഗിച്ച് പരാജയം വരിക്കാനും നാവ് കൊണ്ട് സാധിക്കുന്നു.

നാവിന്റെ വിപത്തുകള്‍ വളരെയധികമാണ്. വാ തോരാതെ അന്യരെ പറ്റി ഏഷണിയും പരദൂഷണവും പറയുന്നവര്‍ വ്യക്തിജീവിതത്തില്‍ ശുദ്ധരല്ലെന്നാണ്  മനശാസ്ത്രജ്ഞരുടെ നിഗമനം.
വായില്‍ വരുന്നതൊക്കെ പറഞ്ഞു കൊണ്ടിരിക്കുക എന്നത് വിശ്വാസികളുടെ സ്വഭാവമല്ല. വാക്കുകള്‍ എത്ര ചെറുതാണെങ്കിലും അവ രേഖപ്പെടുത്തപ്പെട്ടു കൊണ്ടിരിക്കുന്നുണ്ടെന്നും അവയുടെ പേരില്‍ താന്‍ അല്ലാഹുവിന്റെ സന്നിധിയില്‍ വിചാരണ നേരിടേണ്ടി വരുമെന്നും സ്വര്‍ഗ്ഗ-നരകങ്ങള്‍ തീരുമാനിക്കുന്നതില്‍ അവക്ക് നിര്‍ണ്ണായകമായ പങ്കുണ്ടെന്നും തിരിച്ചരിഞ്ഞവനാണല്ലോ വിശ്വാസി. അക്കാരണത്താല്‍ സൂക്ഷിച്ചു മാത്രമേ അവന്‍ സംസാരിക്കയുള്ളൂ. ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത്  ഇങ്ങനെ: "സത്യവിശ്വാസികളെ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നല്ല വാക്ക് സംസാരിക്കുക. എങ്കില്‍ അവന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിതീര്‍ക്കുകയും  പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും." (അല അസ്ഹാബ്  70  - 71 )

നബി(സ) യുടെ സംസാര രീതിയെ കുറിച്ച് പത്നി ആഇഷ (റ) പറയുന്നു. "അല്ലാഹുവിന്റെ ദൂതന്‍ നിങ്ങളെപ്പോലെ തുരുതുരാ സംസാരിക്കുന്ന ആളായിരുന്നില്ല. അവിടുന്ന് പറയുന്ന വാക്കുകള്‍ ഒരാള്‍ക്ക്‌ വേണമെങ്കില്‍ എണ്ണാന്‍ പോലും കഴിയുമായിരുന്നു." ( ബുഖാരി,മുസ്‌ലിം)

ഒരു ദിനചര്യ എന്നോണമുള്ള ബന്ധമാണ് ഗീബത്തു (പരദൂഷണം) മായി ഇന്ന് മിക്ക ആളുകള്‍ക്കുമുള്ളത്. ഇതില്‍ ലിംഗ വ്യത്യാസമുണ്ടെന്നു തോന്നുന്നില്ല. അന്യരുടെ കുറ്റങ്ങളും കുറവുകളും അവര്‍ക്കിഷ്ടമില്ലാത്ത വിധത്തില്‍ പറഞ്ഞു പ്രചരിപ്പിക്കലാണല്ലോ പരദൂഷണം. ദീനിവിഷയങ്ങളില്‍ അമിത താല്പര്യം കാണിക്കുന്ന പലരിലും പരദൂഷണ മനോഭാവം നിലനില്‍ക്കുന്നതായി കാണാം. വ്യഭിചാരം, മദ്യപാനം, പോലെയുള്ള കുറ്റകൃത്യങ്ങളെ ഗൌരവപൂര്‍വ്വം കാണുന്നവര്‍ പോലും ചിലപ്പോള്‍ പരദൂഷണത്തെ വളരെ ലാഘവത്തോടെയും നിസ്സാരവുമായിട്ടാണ്  കാണാറുള്ളത്‌.

"അല്ലാഹുവിന്റെ പ്രവാചകന്‍ അരുളി: പരദൂഷണം വ്യഭിചാരത്തേക്കാള്‍ വലിയ കഠിനമായ കുറ്റമാണ്. "! ആളുകള്‍ ചോദിച്ചു: "അല്ലാഹുവിന്റെ പ്രവാചകരേ, പരദൂഷണം എന്ത് കൊണ്ടാണ് വ്യഭിചാരത്തേക്കാള്‍ കഠിനമായ കുറ്റമാകുന്നത്"?  തിരുമേനി(സ) അരുളി : "ഒരു മനുഷ്യന്‍ വ്യഭിചരിച്ചാല്‍ അല്ലാഹു അവന്റെ പശ്ചാത്താപം സ്വീകരിക്കും. എന്നാല്‍ പരദൂഷകന് അവന്‍ ആരെ കുറിച്ച് പരദൂഷണം പറഞ്ഞുവോ അയാള്‍ വിട്ടു കൊടുക്കുന്നത് വരെ അല്ലാഹു പൊറുത്തു കൊടുക്കുകയില്ല."

അബൂ ഹുറൈറ (റ) പറയുന്നു. "ഗീബത്ത് എന്താണെന്ന് അറിയുമോ എന്ന നബി(സ) ചോദിച്ചു. അനുയായികള്‍ പറഞ്ഞു: "അല്ലാഹുവും റസൂലുമാണ് (അധികം അറിയുക) " നബി(സ പറഞ്ഞു: നീ നിന്റെ സ്നേഹിതനെ കുറിച്ച് അവനിഷ്ടമില്ലാത്തതു പറയലാകുന്നു പരദൂഷണം. "ഞാന്‍ പറയുന്നത് എന്റെ സഹോദരനില്‍ ഉള്ളതായിരുന്നാലോ?" എന്നാ ചോദ്യത്തിന് നബി(സ)യുടെ മറുപടി ഇതായിരുന്നു: നീ പറഞ്ഞത് അവനില്‍ ഉള്ളതാണെങ്കില്‍ നീ അവനെ പരദൂഷണം പറഞ്ഞവനും ഇല്ലാത്തത് പറഞ്ഞാല്‍ കളവു പറഞ്ഞവനുമാണ്." (മുസ്‌ലിം)

ഒരു മുസ്‌ലിമിനെ ഭക്ഷിക്കുന്നതിനേക്കാള്‍ (പരദൂഷണം പറയുന്നതിനേക്കാള്‍)  നല്ലത് ചത്ത കോവര്‍ കഴുതയുടെ മാംസം ഭക്ഷിക്കലാണെന്നു  നബി(സ) പറഞ്ഞതായി അംറബ്നു ആസ്വ് (ര) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.


സ്വന്തം ന്യൂനതകളെയും ദൌര്‍ബല്യങ്ങളെയും കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുക എന്നതാണ് പരദൂഷണ മനോഭാവത്തില്‍ നിന്ന് രക്ഷ നേടാനുള്ള വഴി. തന്റെ ന്യൂനത എന്താണെന്ന് തിരിച്ചറിയുന്നവന്‍ അപരന്റെ  ന്യൂനതകള്‍ അന്വേഷിച്ചു പരക്കം പായുകയോ പ്രചരിപ്പിക്കുകയോ ഇല്ല. പ്രവാചകന്‍(സ) പറഞ്ഞു: തന്റെ ന്യൂനതകള്‍ അന്വേഷിച്ചു നടന്നതിനാല്‍ ജനങ്ങളുടെ ന്യൂനതകള്‍ വിസ്മരിച്ച വ്യക്തിക്ക് ഭാവുകങ്ങള്‍." (ബൈഹഖി)
കൂട്ടുകാരന്റെ കുറ്റങ്ങളും കുറവുകളും പറയണമെന്ന് ആഗ്രഹിക്കുമ്പോള്‍ നിന്റെ കുറ്റങ്ങളും കുറവുകളും നീ ചിന്തിക്കുക. (ഇബ്നു അബീ ദുന്‍യ)


മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞു പരിഹസിക്കുന്നവരുണ്ട്. സാഹോദര്യ ബോധത്തെ തകര്‍ത്ത് കളയുകയും മാനുഷിക ബന്ധങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്ന ദുസ്വഭാവങ്ങളില്‍ ഒന്നാണ് പരിഹാസം. ആഇശ (റ) പറയുന്നു: "ഒരിക്കല്‍ ഞാന്‍ പ്രവാചകന്റെ സന്നിധിയില്‍ വെച്ച് ഒരാളുടെ അംഗവിക്ഷേപങ്ങള്‍ അഭിനയിച്ചു  കാണിക്കുകയുണ്ടായി. അപ്പോള്‍ അവിടുന്ന് പറഞ്ഞു. ഒരു മനുഷ്യനെയും ഇപ്രകാരം അനുകരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. എനിക്ക് ഇന്നയിന്ന മേന്മകളെല്ലാം ലഭിക്കുകയാണെങ്കില്‍  പോലും" (അബൂ ദാവൂദ് - തിര്‍മുദി)

തെറ്റ് ചെയ്തതിന്റെ പേരില്‍ ഒരാള്‍ തന്റെ സഹോദരനെ പരിഹസിച്ചാല്‍ ആ തെറ്റ് അയാളും ആവര്‍ത്തിച്ചിട്ടല്ലാതെ അള്ളാഹു അയാളെ മരിപ്പിക്കുകയില്ല. (തിര്‍മുദി)

ആരെങ്കിലും ഇങ്ങോട്ട് ചീത്ത വിളിച്ചാല്‍ ക്ഷമിക്കലാണ് ശ്രേഷ്ടവും കരണീയവും. അപ്പോള്‍ മലക്കുകള്‍ ചീത്ത പറയുന്നവനെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്യും: തിരിച്ചും ചീത്ത വിളിച്ചാലോ? സദസ്സ് ഭാഗ്യശൂന്യമായി മലക്കുകള്‍ പിരിഞ്ഞു പോകും. എന്നാല്‍ നാവിനെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഒരാളുടെ ഇഹപര സൌഭാഗ്യങ്ങളെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ്. അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ളവന്‍ നല്ലതു പറയട്ടെ അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ. (ബുഖാരി/മുസ്‌ലിം)


Thursday, January 12, 2012

പാപങ്ങള്‍ കാരണം പരീക്ഷിക്കപ്പെടരുത്



'ആരെങ്കിലും നിന്നു കൊണ്ട് വെള്ളം കുടിച്ചാല്‍ മരുന്നില്ലാത്ത രോഗങ്ങളിലൂടെ അള്ളാഹു അവനെ പരീക്ഷിക്കും.' നബി(സ) തിരുമേനിയുടെ ഏറെ ശ്രദ്ധേയമായ ഒരു വചനമാണിത്. പുതിയ കാലത്ത് ഈ തിരുവാക്യത്തിന്റെ പൊരുളും പ്രസക്തിയും ആരെയും ബോധ്യപ്പെടുത്തെണ്ടതില്ല.

രോഗങ്ങളും ചികിത്സാ സംവിധാനങ്ങളും മത്സരിച്ചു വളരുന്ന കാലമാണിത്. മനുഷ്യന്റെ ബൌദ്ധികവികാസത്തിനും അന്വേഷണത്വരക്കും അനുഗനമായ അതിന്റെ ബഹുമുഖ നേട്ടങ്ങള്‍ക്കും അതിരുകളില്ല. പക്ഷെ, എന്നിട്ടും രോഗങ്ങള്‍ക്ക് മുന്നില്‍ ആധുനിക മനുഷ്യന്‍ പതറുന്നത് പുതുമയല്ല.

വിശ്വാസികള്‍ ഏറെ ഗൌരവത്തോടെ വിലയിരുത്തേണ്ടതാണിത്. പുതിയ രോഗങ്ങളും പ്രതിവിധികള്‍ കണ്ടെത്താനാകാത്ത സാഹചര്യങ്ങളും ആത്മീയമായി വിശകലനം ചെയ്യപ്പെടേണമെന്നു ഉദ്ധൃതവചനം ഓര്‍മപ്പെടുത്തുന്നുണ്ട് .

പനികള്‍ തന്നെ എത്ര തരമാണ്. കാന്‍സറിന്റെ കാര്യം ആലോചിച്ചുനോക്കൂ. ആദ്യഘട്ടങ്ങളിലൊന്നും അസ്വസ്ഥപ്പെടുത്താതെ, അലസോരപ്പെടുത്താതെ ഇക്കിളിപ്പെടുത്തുന്ന ഈ രോഗം തിരിച്ചറിയപ്പെടുമ്പോഴേക്കും അനിയന്ത്രിതമാവുകയാണ്. അതോടൊപ്പം രൌദ്രവും അസഹാനീയവുമാവുകയും ചെയ്യുന്നു. പിന്നെ ഒരു കാര്‍ന്നുതിന്നലാണ്. ഈ ഗുരുതര നോവിന്റെയും പൊറുതികേടിന്റെയും പാരമ്യതയിലാണ്  മരണം.

സാമുദായിക കണക്കെടുത്താല്‍ മുസ്‌ലിംകള്‍ക്കിടയിലാണ്  ഇത്തരം രോഗങ്ങള്‍ ആനുപാതികമായി കൂടുതല്‍ കാണപ്പെടുന്നത്. ഓരോന്നിനും പ്രത്യക്ഷവും പരോക്ഷവുമായ കാരണങ്ങളുണ്ടാവം. പ്രത്യക്ഷ കാരണങ്ങളാണ്  പെട്ടെന്ന് കണ്ടെത്തപ്പെടുക. പരോക്ഷനിമിത്തങ്ങള്‍ അത്രവേഗം എല്ലാവര്ക്കും ബോധ്യപ്പെട്ടെന്ന് വരില്ല.

എന്നാല്‍, ശരീഅത്തിന്റെ ചിട്ടകള്‍ നമ്മുടെ ദൃഷ്ടിയില്‍ എത്ര ചെറുതാണെങ്കിലും ലംഘിക്കപ്പെടുന്നത് ഏറെ ഗൌരവതരമാണ്. പ്രവാചകചര്യകള്‍  യഥാര്‍ത്ഥത്തില്‍ സ്രഷ്ടാവിന്റെ നിര്‍ദേശങ്ങളാണല്ലോ. അവയെ അവഗണിക്കല്‍ സത്യത്തില്‍ അല്ലാഹുവിന്റെ കല്പനകളെ അവമതിക്കല്‍ തന്നെയാണ്. ഈ രീതിയിലാണ് ഓരോ സുന്നത്തിനെയും നാം വിശ്വാസികള്‍ കാണേണ്ടത്.

രോഗങ്ങളും പ്രയാസങ്ങളും പരീക്ഷണങ്ങളാണ്. വിശ്വാസത്തിന്റെ തീവ്രതെയെ അല്ല്ലാഹു ഈ രീതിയില്‍ പരീക്ഷിക്കും.. പക്ഷെ പാപങ്ങള്‍ കാരണം നാം പരീക്ഷിക്കപ്പെടരുത്. അറിഞ്ഞുള്ള കാരണങ്ങള്‍ അതിനു വേണ്ടി നാം ഉണ്ടാക്കുകയുമരുത്. വിധിക്കുന്നവനും വിധി നടപ്പിലാക്കുന്നവനും അല്ലാഹുവാണ്. അവന്‍ നമ്മെ കാത്തുരക്ഷിക്കട്ടെ.


NB: ദയവു ചെയ്തു ഷെയര്‍ ചെയ്യുക.

പരീക്ഷണങ്ങള്‍ക്ക് പ്രതിഫലമുണ്ട്

"അല്പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. വല്ല വിപത്തും തങ്ങള്‍ക്കു നേരിടുമ്പോള്‍ 'നിശ്ചയമായും ഞങ്ങള്‍ അല്ലഹുവിന്നുള്ളവരും അവങ്കലേക്ക്‌ മടങ്ങുന്നവരുമാണ്' എന്ന് പറയുന്ന ക്ഷമാശീലര്‍ക്ക് താങ്കള്‍ സന്തോഷ വാര്‍ത്ത‍ അറിയിക്കുക. അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനങ്ങളും കാരുണ്യവുമുള്ളവാരാകുന്നു. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവരും." (സൂറത്തുല്‍ ബഖറ 155 , 156 , 157 )


  പരിശുദ്ധ ഇസ്‌ലാമിന്റെ വിജയത്തിനും നിലനില്പിന്നും വേണ്ടി അല്ലാഹുവിന്റെ വഴിയില്‍ പരിശ്രമിക്കുന്നവര്‍ക്കു യാതൊരുവിധ ബുദ്ധിമുട്ടുകളും കഷ്ടനഷ്ടതകളും കൂടാതെ ഉദ്ദേശ്യം നിറവേറുമെന്നു വിചാരിക്കാന്‍ പാടില്ലെന്നും അവര്‍ പലവിധ കഷ്ടനഷ്ടതകളും പാത്രീഭവിക്കുമെന്നും അതെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ള ചില പരീക്ഷണങ്ങള്‍ ആണെന്നും അങ്ങനെയുള്ള പരീക്ഷണങ്ങളില്‍ പാദം പതറാതെയും ചിത്തം ചിതറാതെയും ഏതു പ്രതിബന്ധങ്ങളോടും  മല്ലിടുവാനുള്ള ശക്തിയായ ക്ഷമ കൈകൊള്ളുന്നവര്‍ പരലോകത്ത് സൌഭാഗ്യവാന്മാരായിരിക്കുമെന്നും അവര്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് കരുണാകടാക്ഷങ്ങളും പാപപരിഹാരവുമുണ്ടായിരിക്കുമെന്നും ഈ വാചങ്ങള്‍ മൂലം അള്ളാഹു നമ്മെ ഉണര്‍ത്തിയിരിക്കുന്നു.

ആദ്യകാല മുസ്‌ലിംകള്‍ക്ക് ശത്രുക്കളില്‍ നിന്ന് നിരവധി ദ്രോഹങ്ങള്‍ അനുഭവിക്കേണ്ടി വന്ന  കാര്യം ആര്‍ക്കും അജ്നാതമല്ല. ശത്രുക്കളെ പേടിച്ച് സ്വദേശം വിടുകയം കാലദേശപ്പകര്‍ച്ചകള്‍ കൊണ്ട് അനവധി രോഗങ്ങള്‍ ഉണ്ടാകുകയും അവയ്ക്ക് ചികിത്സ ലഭിക്കാതിരിക്കുകയും ക്രമമായി ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ വരികയും  അങ്ങനെ ഒരുപാട് ദുരിതങ്ങള്‍ അവര്‍ അനുഭവിച്ചിട്ടുണ്ട്. മാത്രമല്ല ഇസ്ലാമിന് വേണ്ടിയുള്ള സമരത്തിനിടയില്‍ സ്വസഹോദരില്‍ പലരും നഷ്ടപ്പെടെണ്ടതായും വന്നിരുന്നു. ആ പരീക്ഷണകാലഘട്ടത്തില്‍ അവര്‍ക്കുണ്ടായിരുന്ന താങ്ങും തണലും അല്ലാഹുവിലുണ്ടായിരുന്ന അടിയുറച്ച വിശ്വാസവും അതിന്റെ ഫലമായ സഹനശക്തിയുമായിരുന്നു. അത് തന്നെയായിരുന്നു അവരുടെ വിജയരഹസ്യവും. ആ മഹാത്മാക്കളുടെ കാലടിപ്പാടുകളെ നാം പിന്‍പറ്റിയാല്‍ നമുക്കും വിജയവും സൌഭാഗ്യവുമുണ്ട്. നിശ്ചയം.

വല്ല വിപത്തുകളും നേരിടുമ്പോള്‍ അതെത്ര ചെറുതായാലും 'ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊന്‍' എന്ന് ചൊല്ലണം. അത് ക്ഷമാശീലരുടെ വിശേഷണമായാണല്ലോ ഇവിടെ പറഞ്ഞത്. ഇതിനു വമ്പിച്ച പ്രതിഫലം ഉള്ളതായി ഹദീസുകളില്‍ കാണാം. ഏതു വിപത്സന്ധിയിലും അല്ലാഹുവിലുള്ള വിശ്വാസം മുറുകെ പിടിക്കാന്‍ കഴിഞ്ഞുവെന്നു മാത്രമല്ല, തജ്ജന്യമായ സഹനം വാക്കുകളിലൂടെ പ്രകടിപ്പിക്കുവാനും സര്‍വ്വവും അല്ലാഹുവിലര്‍പ്പിക്കുവാനും അവന്‍ സന്നദ്ധനായി എന്നതാണിതിനു കാരണം. ഒരാളുടെ കുട്ടി മരിച്ചു അയാള്‍ 'ഇന്നാ ലില്ലാഹി ...' ചൊല്ലുകയും ചെയ്‌താല്‍ അല്ലാഹു അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു മന്ദിരം പണിയുകയും അതിന്നു 'ബൈതുല്‍ ഹംദ്' എന്ന് പേരിടുകയും ചെയ്യുമെന്ന്‍ നബി(സ) പറഞ്ഞിരിക്കുന്ന്നു. (അഹ്മദ്, തുര്‍മുദി)   

ഏതു പ്രതിസന്ധികളിലും ക്ഷമ കൈകൊള്ളുകയും അല്ലാഹുവിലുള്ള അചന്ജലവിശ്വാസം മുറുകെ പിടിക്കുകയും ചെയ്യുന്ന സൌഭാഗ്യവാന്മാരുടെ മികച്ച പ്രതിഫലം ഇവിടെ വ്യക്തമായി പറഞ്ഞിരിക്കുകയാണ്. അല്ലാഹുവിങ്കല്‍ നിന്നുള്ള മഹത്തായ പാപമോചനം അവര്‍ക്കുണ്ടായിരിക്കും. അവന്റെ കരുണകടാക്ഷം കൊണ്ട് സായൂജ്യമടയാനും അവര്‍ക്ക് കഴിയും. മാത്രമല്ല അവര്‍ സന്മാര്‍ഗപ്രാപ്തരാണെന്നും സര്‍വ്വശക്തന്‍ വ്യകതമാക്കുകയാണ്.

Template by:
Free Blog Templates